പുതപ്പ്

| Wednesday, October 28, 2009
തണുക്കും ചൂടിന്മേല്‍
പുതപ്പു മൂടുന്നു
തളര്‍ച്ചയിലെല്ലാം
വിളര്‍ത്തു കാണുന്നു

പകല്‍വെളിച്ചത്തിന്‍
ജനല്‍ക്കാഴ്ച, ചില്ലയ്
ക്കിടയില്‍ വന്നെത്തി
ചിലച്ചിടും പക്ഷി
അതിന്‍ ചിറകിലെ
തൂവല്‍മിനുപ്പില്‍
വരിഷമോര്‍മിയ്ക്കും
നരവെയില്‍ നിറം

കനത്തു തൂങ്ങും
നിശ്ശബ്ദക്കലണ്ടറില്‍
ഒഴിവു തീര്‍ന്നുവെ
ന്നോര്‍മപ്പെടുത്തുന്നു
ചതുരരേഖകള്‍
തളച്ചിട്ട കാലം

ഉറക്കത്തിന്‍, മങ്ങു
മുണര്‍ച്ചതന്നിടയ്
ക്കിലപ്പൊഴിപ്പു പോല്‍
മിടിച്ചിടും നേരം

പകല്‍ക്കിനാവിന്റെ
കയറ്റിറക്കങ്ങള്‍
' വെറുതെയൊക്കെയും '
തിരിച്ചറിവുകള്‍

ചിലപ്പോള്‍ ദുഃസ്വപ്നം
ചുട്ടുപൊളളും നെറ്റി
പതിഞ്ഞു തൊട്ടുപോം
മൃദു വിരലുകള്‍

' വിയര്‍ത്തുവോ...?
കട്ടന്‍ കാപ്പിയെടുക്കട്ടെ...?
ജലോപരി വീണു
ചുഴിയും വാക്കുകള്‍

ചുരുണ്ടൊതുങ്ങുന്നു
പുതപ്പിന്നുള്‍ച്ചൂടില്‍
വരികളസ്വസ്ഥ
മടരുമാഴത്തില്‍

ഒടുവിലെപ്പൊഴോ
വിയര്‍ത്തുണരുമ്പോള്‍
ജനലിനപ്പുറം
വെയില്‍ ചായും ചില്ല

പുതപ്പിനുളളിലെ
ശ്വസിതകാലങ്ങള്‍
അബോധരാശിയില്‍
മറവിയാകുന്നു
ഇഴഞ്ഞിഴഞ്ഞു പോം
സമയബോധത്തിന്‍
മിടിപ്പുകള്‍ കേള്‍വിയ്
ക്കകലെയാകുന്നു

ഭ്രമങ്ങളൊക്കെയു
മാറിത്തണുത്തതില്‍
ഒരു വെളുത്ത പൂ
പുഞ്ചിരിയാകുന്നു

കിളിയുപേക്ഷിച്ച
വെറുമൊരു കൂട്
ഇലയ്ക്കടിയിലെ
ഒഴിഞ്ഞൊരു പ്യൂപ്പ
പുതപ്പ്, പോയകാലത്തിന്‍ മണങ്ങളില്‍
പരതുമോര്‍മയില്‍
നിശ്ശബ്ദ വാത്സല്യം

ഒറ്റയ്ക്കിരിക്കുന്ന പക്ഷി

| Tuesday, May 19, 2009
ഒറ്റയ്ക്കിരിക്കുന്ന പക്ഷി
വിഷാദമായ് ചായും വെയില്‍
ഇലയില്ലാ മരത്തിന്റെ നീളും നിഴല്‍
അപരാഹ്നനിശ്ശബ്ദത

ഒറ്റയ്ക്ക്,
ഓര്‍മയൊലിച്ചതിന്‍ പാടുമായ്
തൊട്ടരികത്ത്
കിനാവറ്റതാം പുഴ
അപ്പുറം വേനലിന്‍
മുളളുകളായ് മുളം
കൂട്ടം, അകലെ
മങ്ങൂഴമായ് മേഘങ്ങള്‍

ഒറ്റയ്ക്കിരിക്കുന്ന പക്ഷി
പതുക്കനെ
തൂവലുടുപ്പു കുടയുന്നു, വിസ്മയ
മേറും മൃദുത്വം പൊഴിയുന്നു കാറ്റത്ത്;
ദൂരേയ്ക്കകന്നു പോ
കും മുന്‍പൊരു മാത്ര
നാവുനീട്ടുന്നു
തിളങ്ങും വെയില്‍ത്തല

ഒറ്റയ്ക്കിരിക്കുന്ന പക്ഷി
പൊടുന്നനെ
ചില്ലയില്‍ നിന്നും
തെറിച്ചുവോ, വായുവില്‍
പട്ടുചിറകു പിടഞ്ഞുവോ,
നിശ്ചലം
കുറ്റിച്ചെടികള്‍ക്കിടയ്ക്കു പതിച്ചുവോ...

വേനല്‍ കണയെയ്തു
വീഴ്ത്തിയ പക്ഷിതന്‍
നീലിച്ച കൊക്കില്‍നി
ന്നിറ്റിറ്റു വീഴുന്നു
രക്തകണങ്ങള്‍,
അതൂറ്റിക്കുടിക്കുവാന്‍
ചുണ്ടു നുണഞ്ഞു വരുന്ന
നിശ്ശബ്ദത...!

(മനോജ് കാട്ടാമ്പളളി എഡിറ്റു ചെയ്ത ''ചെറിയ മരങ്ങളുടെ വേരുകള്‍ '' (തിരഞ്ഞെടുത്ത കവിതകള്‍ , 2005) എന്ന കവിതാസമാഹാരത്തില്‍ പ്രസിദ്ധീകരിച്ച കവിത)

മൃതശരീരങ്ങള്‍

| Monday, April 27, 2009
തിരകള്‍ക്കു മുകളില്‍
പൊങ്ങിയും താഴ്ന്നും
മൃതശരീരങ്ങള്‍ ഒഴുകിയലയുന്നു
കരയില്‍ നിന്ന്
കണ്ടവര്‍ കണ്ടവര്‍
വിളിച്ചു കൂവുന്നു
" അതാ അവിടെയൊന്ന് "
" ഇവിടെയുമൊന്ന് "
" അതാ അപ്പുറത്ത് മറ്റൊന്ന് "
തോണികളും ലൈഫ് ബോട്ടുകളും
അങ്ങോട്ടു കുതിക്കുന്നു
തിരഞ്ഞുതിരഞ്ഞ്
ഒന്നും കണ്ടെത്താനാവാതെ
തിരിച്ചു വരുന്നു

അപ്പോഴതാ
തിരകള്‍ക്കുമുകളില്‍
വീണ്ടും പ്രത്യക്ഷമാകുന്നു
മൃതശരീരങ്ങള്‍

ജ്വാല മാസിക , 2005 ജനുവരി

ഉറുമ്പ്

| Sunday, April 26, 2009


ഉറുമ്പരിപ്പത്
നോക്കിയിരിക്കുന്നു

അരിച്ചരിച്ചത്
ജനാലയൂടെ
കുന്നിറക്കമെന്ന പോല്‍
ചുവരിറങ്ങി പൂകൊഴിഞ്ഞ
കാശിത്തുമ്പതന്‍ചുവട്ടിലൂ
ടിളം നനവാര്‍ന്ന
ചരലുകള്‍താണ്ടി
ചിരപരിചിതര്‍കടന്നു പോവുമ്പോള്‍
കുശലവാക്കുകളോതിയും
വഴിമറന്നൊരു പഥികനെപ്പോലെ
ഇടയ്ക്കിടയ്ക്കെന്തോ
നിനച്ച് ദൂരെയായ്
അടര്‍ന്നുവീണ പൂ
വിതള്‍ത്തോണിയേറി
അതില്‍മധുരാര്‍ദ്ര
നിമിഷങ്ങള്‍തേടി...

ഉറുമ്പ് പൂമര
ചുവടു പിന്നിട്ട്
തിടുക്കമോ പരിഭ്രമമോ
കണ്‍കളില്‍പടര്‍ന്ന്
തോര്‍ന്നിട്ടും
മഴവെളളം വറ്റാതൊലിപ്പതിന്‍
മണല്‍ക്കരയില്‍വന്നല്പം
കുളിര്‍ജലം നുകര്‍
ന്നവിടെ നിന്നല
ഞ്ഞൊടുവില്‍വന്നെന്റെ
ജനലിന്നോരത്ത്
ചിതറിവീണതാമരിമണിയേറ്റി
പൊഴിഞ്ഞ കാശിത്തുമ്പതന്നരികിലെ
ഇരുള്‍ഗുഹയ്ക്കകം
കയറിപ്പോകവേ
ഉറുമ്പിന്നൊപ്പമാ
യലഞ്ഞൊരെന്‍മനം
കനത്തൊരേകാന്ത ശൈത്യം കവര്‍ന്നു പോയ്

ഉറുമ്പു പിന്നെയു
മരിമണിതേടി
വരുമോ കൂരിരുള്‍
ഗുഹയ്ക്കുളളില്‍തളര്‍
ന്നുറങ്ങുമോ ഞാനു
മിറങ്ങട്ടേ വീണ്ടും
മഴവരും മുന്‍പ്

ജലം (മലയാള പഠനഗവേഷണകേന്ദ്രം മാഗസിന്‍ ) 2004

ഒച്ച

| Friday, December 12, 2008


തുറന്നിട്ട ജാലക
പ്പഴുതിലൂടൊച്ചകള്‍

കാറ്റിന്‍ കുളമ്പൊച്ച,
പൂമരച്ഛായയില്‍
ഓര്‍മകള്‍ കൊത്തി
ക്കൊറിക്കും കിളിയൊച്ച

പൂവിന്റെയാത്മാവു
ചുംബിച്ചുണര്‍ത്തുവാന്‍
ദാഹിച്ചലയും
ശലഭച്ചിറകൊച്ച

ഏതോ വിപിന
വനിയില്‍ നിന്നോ, ശ്യാമ
പക്ഷങ്ങളില്‍ പിന്‍നി
ലാവിന്‍ കനല്‍ കൊണ്ടു
ചിത്തം മുറിഞ്ഞ
വിരഹി രാപ്പക്ഷി തന്‍
ചുണ്ടില്‍ നിന്നും
പെയ്തിടും മഴയൊച്ച

ജീവിതത്തിന്‍ നറും
പച്ചപ്പു കൈവിട്ട
പത്രങ്ങള്‍ മണ്ണില്‍
കൊഴിഞ്ഞു വീഴ്കേ, വേനല്‍
കത്തിപ്പടരും ചിതാഗ്നി
യതില്‍ നിന്നു
മറ്റുപോം ജീവന്റെ
യന്തിമ ധൂമങ്ങള്‍
നക്ഷത്രമായി
പ്പുനര്‍ജ്ജനിക്കും ഒച്ച

ഓരോ ഋതുവിനു
മോരോരോ ഒച്ച

മഞ്ഞിറ്റു വീഴും
ശിശിരത്തിനൊച്ച
സ്വപ്നങ്ങള്‍ പൂക്കും
വസന്തത്തിനൊച്ച
രക്തമുണക്കുന്ന
വേനലിന്നൊച്ച...

ഉച്ചയ്ക്കു ചൂടില്‍
വിയര്‍ത്തുറങ്ങുമ്പോള്‍
നിശ്ശബ്ദത പോല്‍
പതുങ്ങി വന്നെന്‍ ജീവന്‍
നക്കിക്കുടിച്ചു തുറന്ന
ജനലിലൂ
ടൊച്ച വയ്ക്കാതൊരു പൂച്ച.

(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2002 നവംബര്‍)

നീ വരുമെങ്കില്‍

| Tuesday, December 9, 2008

ത്രമേല്‍ മനോഹര
മാകുമിത്താഴ്വാരത്തൂ
ടിത്തിരി നടന്നിടാം
നീ കൂടെ വരുമെങ്കില്‍

നീലവാനത്തിന്‍ നേര്‍ത്ത
തുഹിനാര്‍ദ്രമാം വിരല്‍
ഭൂമിയെത്തൊടും പോലെ
നിന്‍ മിഴിത്തുമ്പില്‍ തൊടാം

നീ വരുമെങ്കില്‍ ഹിമ
ശീകര നിശീഥത്തില്‍
നേര്‍ത്തു പെയ്തിടും നിലാ
പ്പൂവിതളിറുത്തിടാം

കാലങ്ങള്‍ പൊയ്പ്പോകുവ
തൊന്നുമേയറിയാതെ
കാതില്‍ ഞാന്‍ കിനാവിന്റെ
കവിത മൂളിപ്പാടാം

നീ വരുമെങ്കില്‍
ശ്യാമമേഘങ്ങള്‍ പെയ്യും
മൗനമോഹത്തിന്‍ മഴ
ച്ചാറ്റലില്‍ നനഞ്ഞിടാം

ഒരുമി,ച്ചേകാന്തമായ്
നീളുമീ വരമ്പിലൂ
ടൊരു കൊച്ചുസ്വപ്നത്തിന്‍
മധുരം നുണഞ്ഞിടാം

വയല്‍പ്പൂവുകള്‍ കാറ്റിന്‍
കുളിരില്‍ വിറയ്ക്കുമ്പോള്‍
പതിയെ കണ്‍പീലിയില്‍
നനഞ്ഞ നിലാവാകാം
വെയില്‍ച്ചൂടിലും തണല്‍
പകരുന്ന പൂമര
ത്തണുവില്‍ വിദൂരമാം
കുയില്‍പ്പാട്ടു കാതോര്‍ക്കാം

നീ വരുമെങ്കില്‍ നിളാ
തീരത്തെ സായാഹ്നത്തില്‍
ഒരുമിച്ചിരുന്നിടാം
നീരനക്കങ്ങള്‍ നോക്കി

കൂടണഞ്ഞീടാന്‍ മര
ച്ചില്ലകള്‍ തേടിപ്പോകും
പക്ഷിയൊടൊരു തൂവല്‍
തരികെന്നു ചൊല്ലിടാം

ജീവനില്‍ നിറയുന്ന
മൗനനൊമ്പരങ്ങളെ
ഒരുമിച്ചു പങ്കിടാം
വരുന്ന ജന്മത്തിലും...

(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2003 ഡിസംബര്‍)

ജനല്‍പ്പുറം ( മാതൃഭുമി ആഴ്ചപ്പതിപ്പ് 2003 ജൂലൈ )

| Wednesday, November 19, 2008

നല്‍പ്പുറം ചാഞ്ഞ
മരചില്ലയ്ക്കിട-
യ്ക്കവിടവിടയായ്
വിദൂരമാകാശം
വെളുത്ത പൂക്കളാല്‍
വിരിച്ച തല്പമായ്
അകന്നകന്നുപോം
സുതാര്യമേഘങ്ങള്‍

ജനല്‍പ്പുറം വെയില്‍
മരിച്ച സന്ധ്യ ,പാ
ഴിരുള്‍ത്തടങ്ങളില്‍
തണുപ്പ് ,മൂകമാ
മിരുളകങ്ങളില്‍
വിരഹമായ് ,വനാ
ന്തരങ്ങളിലെങ്ങോ
നിശാക്കിളി നാദം
നിലാവു മൂടിയോ
രിലകള്‍ തന്നിടയ്
ക്കെവിടെയോ പൂവിന്‍
കിനാവുണര്‍ച്ചകള്‍

ജനലകമുറ
ഞ്ഞിടുമേകാന്തത
മുറിഞ്ഞ വാക്കിന്റെ
നിലവിളിയോച്ച
മുഷിഞ്ഞ മൌനങ്ങള്‍
വരള്‍പ്രതീക്ഷകള്‍ ...

ജനല്‍ പിളര്‍ക്കുവാന്‍
ഇരുട്ടിനുള്ളിലേ-
യ്ക്കലിയുവാന്‍ മോഹം
മിടിക്കും ഹൃത്തുമായ്
അനാഥമീ ജന്മം
ജനല്‍പ്പുറം നോക്കി ...